ആമുഖം

തൊഴിലന്വേഷകരെ തിരിച്ചറിയുകയും, അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ നയിക്കുകയുമാണ് തൊഴിൽസഭകളിലൂടെ ലക്ഷ്യമിടുന്നത്. പതിനെട്ട് വയസ്സിനും അന്‍പത്തൊന്‍പത് വയസ്സിനുമിടയിലുള്ള  തൊഴിലന്വേഷിക്കുന്ന ആര്‍ക്കും തൊഴില്‍-സംരംഭ സാധ്യതകള്‍ മനസിലാക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനുമുള്ള ജനകീയ ഇടവും ഇടപെടലുമായിരിക്കും തൊഴില്‍ സഭ.  

പ്രാദേശികമായി തൊഴിലന്വേഷകരെ  സംഘടിപ്പിച്ച്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തൊഴിലിലേക്ക്‌ എത്തിക്കാനുള്ള ഈ പുത്തൻ ആശയം ലോകത്ത്‌ തന്നെ ആദ്യത്തേതായിരിക്കും. പ്രാദേശിക സംരംഭങ്ങളും തൊഴിൽ സാധ്യതകളും  കണ്ടെത്തിക്കൊണ്ട് തൊഴിലന്വേഷകരുടെ കഴിവുകൾ മെച്ചപ്പെടുത്തുകയും നൈപുണ്യ വികസനത്തിലൂടെ തൊഴിലിന് കൂടുതൽ അനുയോജ്യമാക്കുകയും ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്  തൊഴിൽസഭകൾ ചെയ്യുന്നത്. ഇതിനായി  തൊഴിൽസഭകളിൽ തൊഴിൽ- സംരംഭക  ക്ലബ്ബുകൾ രൂപീകരിക്കുകയും തൊഴിലും വരുമാനവും തേടുന്നതിനുള്ള പുതിയ കൂട്ടായ്മകൾ സൃഷ്ടിക്കുകയും ചെയ്യും. ജനകീയ ഇടപെടലുകളുടെ പല മാതൃകകളും സൃഷ്ടിച്ചിട്ടുള്ള കേരളം തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാസൂത്രണത്തിന്റ്റെ തുടക്കം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ വാര്‍ഡ് ഉള്‍കൊള്ളുന്ന കണ്ണൂർ പിണറായിയിലാണ്.

തൊഴില്‍ സൃഷ്ടിയും  പ്രാദേശിക സാമ്പത്തിക വികസനവും  ലഷ്യമാക്കി കൊണ്ട്   സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളര്‍ച്ചയുടെ പ്രഭവകേന്ദ്രങ്ങളായി തദ്ദേശഭരണ സ്ഥാപനങ്ങളെ മാറ്റുന്നതിനാണ് പതിനാലാം പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഇതിനായി വിപുലമായ സംവിധാനങ്ങളാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷം കൊണ്ട്  ഇരുപത് ലക്ഷം പേര്‍ക്ക്  തൊഴില്‍ നല്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി കെ-ഡിസ്ക് കുടുംബ ശ്രീയുമായി ചേര്‍ന്ന് “ എന്റെ തൊഴില്‍ എന്റെ അഭിമാനം “ പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ സംസ്ഥനത്തൊട്ടാകെ 53 ലക്ഷത്തോളം തൊഴിലന്വേഷകര്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്നുള്ള 23 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 29 ലക്ഷത്തോളം പേരെ കെ-ഡിസ്ക് തയ്യാറാക്കിയിട്ടുള്ള ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിലേക്ക് (D.W.M.S) രജിസ്റ്റര്‍ ചെയ്ത് തൊഴിലിലേക്ക് നയിക്കും. കൂടാതെ ആയിരത്തില്‍ അഞ്ചു പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രവര്‍ത്തനവും പ്രാദേശിക സാമ്പത്തിക വികസന പരിപാടിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലൂടെ നടന്നു വരുന്നു.  

Connect With Us

© 2022. Govt of Kerala